കമലഹാസനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തു

7

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കമലഹാസനെതിരെ അരുവാക്കുറിച്ചി പൊലീസ് ക്രിമിനൽ കേസെടുത്തു. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റത്തിന് 153എ, 295എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി കെ.വി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്. പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അറവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യം സ്ഥാനാർത്ഥി എസ്. മോഹൻരാജിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കമൽ. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്. മുസ്ലിങ്ങൾ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്. നല്ലൊരു ഇന്ത്യക്കാരൻ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയിൽ മൂന്ന് നിറങ്ങളും നിലനിൽക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാൻ മടിയില്ലെന്നുമാണ് കമലഹാസൻ പറഞ്ഞത്.

നേരത്തെ മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിൽ തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കെതിരെ കമൽ ഹാസൻ രംഗത്തെത്തിയിരുന്നു. ഭരണപാർട്ടിയായ എ.ഐ.എ.ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കുമെതിരെ ഒരു രാഷ്ട്രീയ വിപ്ലത്തിന്റെ വക്കിലാണ് തമിഴ്നാട് എന്നായിരുന്നു വിമർശനം. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഈ ദ്രവീഡിയൻ പാർട്ടികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.