ദോഹ: ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് അധിക സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ എയർ വേയ്സ് ഇന്ത്യൻ ഏവിയേഷൻ അതോറിറ്റിയെ സമീപിച്ചു. മുംബൈ, ന്യൂ ഡൽഹി, ബംഗലുരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധിക സീറ്റുകൾ നൽകണമെന്നാണ് ആവശ്യം. തിരക്കേറിയ റൂട്ടുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ കൂടുതൽ സീറ്റുകൾ വർധിപ്പിക്കാനാണ് പദ്ധതി.
എന്നാൽ 2009ലെ ഖത്തർ–ഇന്ത്യ ഏവിയേഷൻ കരാർ പ്രകാരമുള്ള സീറ്റുകളിൽ മാറ്റമുണ്ടാകുകയില്ലെന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കുന്നു. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള കരാർ പ്രകാരം ആഴ്ചയിൽ 24292 യാത്രക്കാരെ മാത്രമേ ഒരു രാജ്യത്തിെൻറ വിമാനസർവീസിൽ ഉൾപ്പെടുത്താൻ കഴിയൂ. നിലവിലെ തിരക്കുകൾ കണക്കിലെടുത്ത് ഇതിൽ നിന്നും താൽക്കാ ലിക മാറ്റമാണ് ആവശ്യം. ദോഹക്കും ഇന്ത്യയിലെ പ്രധാനനഗരങ്ങൾക്കുമിടയിലുള്ള 28 വാരാന്ത സർ വീസുകൾ മറ്റ് വിമാന കമ്പനികൾ റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെ പ്രധാന വിമാനകമ്പനികളിലൊന്നായിരുന്ന ജെറ്റ് എയർവേയ്സ് അന്താരാഷ്ട്ര സർവീസുകളടക്കം മരവിപ്പിച്ചതും ദോഹയിൽ നിന്നും അഹ്മദാബാദിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതും ഖത്തറിൽ വേനലവധി അടുത്തെത്തിയതും ഇന്ത്യയിലേക്കുള്ള യാത്രക്കാരെ വലക്കുന്നുണ്ട്. സീറ്റുകളിലുണ്ടായ കുറവും വേനലവധി അടുത്തെത്തിയതും നിരക്കിൽ വലിയ വ്യത്യാസമാണുണ്ടാക്കുന്നത്. ഖത്തറിനെതിരായ ഉപരോധം തുടരുന്നതും പുതിയ ആശ്യത്തിന് പിന്നിലുണ്ട്.