ദോഹ: ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖല മിഡിൽ ഈസ്റ്റില്‍ വീണ്ടും ഒന്നാമത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഖത്തർ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഹോസ്പിറ്റാലിറ്റി, ട്രാവല്‍ വിവരദാതാക്കളായ ‘ഒലേരി’യുടെ മിഡിൽ ഇൗസ്റ്റിലെ അതിഥി അനുഭവം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഖത്തര്‍ ഒന്നാമതെത്തിയിരിക്കുന്നത്. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31വരെ ബുക്കിങ് ഡോട്ട് കോം, ട്രിപ് അഡ്വൈസര്‍ ഉള്‍പ്പടെ ജനപ്രിയ വെബ്സൈറ്റുകളിലെ 12 മില്യണിലധികം ഓണ്‍ലൈന്‍ അതിഥി അനുഭവങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ സ്കോര്‍ മുന്‍വര്‍ഷത്തെ 84.3ല്‍ നിന്നും 85.4 ആയി ഉയര്‍ന്നിട്ടുണ്ട്.
അടുത്തിടെ തുറന്ന ഖത്തര്‍ നാഷണല്‍ മ്യൂസിയം ഉള്‍പ്പടെയുള്ളവ രാജ്യത്തേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സേവനം, സ്ഥലം, ശുചിത്വം, റൂമിന്റെ നിലവാരം, പണത്തിന്റെ മൂല്യം തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് അതിഥികളുടെ സംതൃപ്തി കണക്കാക്കുന്നത്. ഖത്തറില്‍ സ്ഥലം, ശുചിത്വം, സേവനങ്ങള്‍ എന്നിവക്ക് ഉയര്‍ന്ന റേറ്റാണ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗങ്ങളിലെല്ലാം മേഖലയില്‍ മുന്നില്‍ ഖത്തറാണ്.
ഒമ്പതിനു മുകളിലാണ് ഈ മൂന്ന് മേഖലകളിലും ഖത്തറിന്റെ സ്കോര്‍. ഹോട്ടല്‍ റൂമുകളുടെ ഗുണനിലവാരം 8.9, ഭക്ഷണം 8.8, സൗകര്യങ്ങള്‍ 8.4 എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ സ്കോറുകള്‍. ഖത്തറിന്റെ ടൂറിസം കാഴ്ചപ്പാടിന്റെ സുപ്രധാന എന്‍ജിനായി ഹോസ്പിറ്റാലിറ്റി മേഖല തുടരുന്നതായി ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.