ദോഹ: വിവിധ മേഖലകളിലെ ഖത്തർ വത്കരണത്തിന്റെ ഭാഗമായി 2018ൽ നിയമിച്ചത് 3,777 ഖത്തരികളെ. തൊഴിൽ, സാമൂഹികകാര്യ, ഭരണകാര്യ മന്ത്രാലയമാണ് ഇതിന് മുൻകൈ എടുക്കുന്നത്. 3,255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സർക്കാർ, സ്വകാര്യ സംയുക്ത മേഖലയിലും ആണ് ജോലി ലഭിച്ചത്. ജോലി ലഭിച്ചവരിൽ 1209 പേർ പുരുഷൻമാരും 2568 പേർ വനിതകളും ആണ്.
കൂടുതൽ ഖത്തരി പൗരൻമാർക്ക് ജോലി നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെറിയപെരുന്നാൾ അവധികൾക്ക് ശേഷം കൂടുതൽ ജോലികളുടെ പട്ടിക മന്ത്രാലയം പുറത്തുവിടും. വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെയായിരിക്കും ഇത്. ജോലിക്കായുള്ളവരുടെ വെയിറ്റിങ് ലിസ്റ്റിൽ നിന്ന് പൂർണമായി നിയമനം നടത്തുന്നതിനായി അത്തരക്കാർക്ക് അനുയോജ്യമായ ജോലികളുടെ പട്ടികയും ഇതിൽ ഉണ്ടാകും.
സർക്കാർ മേഖലയിൽ എത്ര ഒഴിവുകൾ നിലവിൽ ഉണ്ട്, എത്ര ഒഴിവുകൾ ഭാവിയിൽ വരും എന്നതുസംബന്ധിച്ച് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുന്നുണ്ട്. ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾ തന്നെ നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കും. മന്ത്രാലയത്തോട് ആലോചിക്കാതെ ഒരു തരത്തിലുമുള്ള ഒഴിവുകൾ സംബന്ധിച്ചും മാധ്യമങ്ങളിൽ അറിയിപ്പ് കൊടുക്കാൻ പാടില്ലെന്ന സർക്കുലർ എല്ലാ സർക്കാർ ഏജൻസികൾക്കും അയച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഒഴിവുകളിൽ ഖത്തരി പൗരൻമാരെ കിട്ടുന്നില്ലെങ്കിൽ അതും മന്ത്രാലയത്തെ അറിയിക്കണം. അങ്ങിനെ വരുമ്പോൾ ഖത്തരി സ്ത്രീകളുടെ മക്കൾക്ക് ഒഴിവുകളിൽ നിയമനം നൽകണം.