രാജി വെയ്ക്കാൻ ഉറച്ചു തന്നെ രാഹുൽ

കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽഗാന്ധി ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ട്. പാർട്ടി പ്രവർത്തകസമിതി അദ്ദേഹത്തിന്റെ രാജിയാവശ്യം തള്ളിയെങ്കിലും രാഹുൽഗാന്ധി ഈ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദർശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുൽ ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ പറയുന്നു

അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോകില്ല. മറിച്ച് ഉചിതനായ ഒരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്താനുള്ള സമയം പാർട്ടിക്ക് രാഹുൽ നൽകിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പുതിയ എം.പി.മാരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും മറ്റുയോഗങ്ങളും രാഹുൽ റദ്ദാക്കി.

രാഹുലിന്റെ തീരുമാനത്തിൽ ആദ്യം എതിർപ്പറിയിച്ച സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇപ്പോൾ രാഹുലിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

രാഹുൽഗാന്ധിക്ക് പകരം പ്രിയങ്കാഗാന്ധിയുടെ പേര് നിർദേശിച്ചെങ്കിലും രാഹുൽ ഇതിനെ എതിർത്തിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി അധ്യക്ഷനായി ഗാന്ധി കുടുംബത്തിൽപ്പെട്ടവർ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

എന്തായാലും പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുൽഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുകയുള്ളൂവെന്നാണ് പാർട്ടിയുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.