ദോഹ: റമദാനുമായി ബന്ധപ്പെട്ട എല്ലാ അവശ്യവസ്തുക്കളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ റമദാൻ മാർക്കറ്റ് അവസാനത്തോടടുക്കുമ്പോൾ സന്ദർശകരുടെ തിരക്കും വർധിക്കുന്നു. ഖത്തറിന് പുറമേ, ഒമാൻ, ഇന്ത്യ, തുർക്കി, പാക്കിസ്ഥാൻ, ഇറാൻ,ചൈന, കുവൈത്ത്, സെർബിയ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നായി 150ലധികം സ്റ്റാളുകളുള്ള റമദാൻ മാർക്കറ്റ് മെയ് 30ന് സമാപിക്കും.
വൈവിധ്യമാർന്ന തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇറാനിയൻ കുങ്കുമം, ജൈവ സൗന്ദര്യവർധക വസ്തുക്കൾ, പരവതാനികൾ, അടുക്കള സാമഗ്രികൾ തുടങ്ങി നിരവധി വസ്തുക്കളാണ് പ്രദർശനത്തിനും വിൽപനക്കുമായി റമദാൻ മാർക്കറ്റിൽ സന്ദർശകർക്ക് മുന്നിൽ തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് രണ്ട് മുതൽ പുലർച്ചെ ഒരു മണിവരെയാണ് മാർക്കറ്റിെൻറ പ്രവർത്തനസമയം. ഇതിനിടയിൽ വൈകിട്ട് 5.30നും 7 മണിക്കുമിടയിൽ ഇഫ്താറിനായി താൽക്കാലികമായി അടച്ചിടും.
കുട്ടികൾക്കായി വിശാലമായ കളിസ്ഥലവും മാർക്കറ്റിൽ സംഘാടകർ അണിയിച്ചൊരുക്കിയിട്ടുണ്ടെന്നും കുട്ടികളുടെ ഏറെ പ്രിയപ്പെട്ട ബൗൺസ് കാസിൽ ഗെയിം അടക്കം നിരവധി സ്കിൽ ഗെയിമുകളാണ് ഇവിടെയുള്ളതെന്ന് ക്യു സ്പോർട്സ് മീഡിയ മാനേജർ ഖാസി യുസ്രി പറഞ്ഞു. യുനൈറ്റഡ് എക്സ്പോയുമായി സഹകരിച്ച് ക്യൂ സ്പോർട്സ് സംഘടിപ്പിക്കുന്ന റമദാൻ മാർക്കറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വസ്തുക്കളാണ് വിൽപനക്കായി നിരത്തിയിട്ടുള്ളത്.