ഇറാന്‍ യുക്തി കാണിക്കണം, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

റിയാദ്​: പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി അറേബ്യ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. മെയ്​ 30ന്​ മക്കയില്‍ ചേരുന്ന അടിയന്തിര ജി.സി.സി യോഗം ഇറാനുയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്യും.
ഞായറാഴ്​ച പുലര്‍ച്ചെ 1.30ന്​ റിയാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്​ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറി​​​ന്റെ പ്രസ്​താവന. എണ്ണമറ്റ അക്രമങ്ങളാണ് ഇറാന്‍ നടത്തുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഇത് മേഖലയെ അസ്ഥിരമാക്കുന്നു. യുദ്ധം സൃഷ്​ടിക്കാനാണ് ശ്രമം. അത് സൗദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാല്‍ തിരിച്ചടിക്കും. യുദ്ധം ഒഴിവാക്കാൻ  വേണ്ടത് ചെയ്യുമെന്ന്​ അദ്ദേഹം പറഞ്ഞു.  എന്നാൽ ഇറാൻ  യുദ്ധം തെരഞ്ഞെടുത്താല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഇറാന്‍ യുക്തി കാണിക്കണം. മണ്ടത്തരം കാണിക്കരുത്.
മേഖലയെ അസ്ഥിരപ്പെടുത്തരുത്. അത് തടയാന്‍ അന്താരാഷ്​ട്ര സമൂഹം ഒന്നിച്ചിറങ്ങണമെന്നും ആദിൽ ജുബൈർ പറഞ്ഞു. മെയ്​ 30 ന് മക്കയില്‍ ജി.സി സി കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇറാന്‍ വിഷയം വിശദമായി സൗദി അവതരിപ്പിക്കും. ദുബൈ തീരത്ത്​ സൗദിയുടെ ടാങ്കറുകൾ അക്രമിക്കപ്പെടുകയും അരാംകോ എണ്ണവിതരണ പൈപ്പുകൾ ആക്രമിക്കപ്പെടുകയും ചെയ്​ത സാഹചര്യത്തിലാണ്​ അടിയന്തര ജി.സി.സി ഉച്ചകോടി.