സൗദിയിൽ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം

7

റിയാദ് : സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി ദേശ സുരക്ഷ വകുപ്പും ഊർജ്ജ മന്ത്രിയും വ്യക്തമാക്കി. റിയാദ് പ്രവിശ്യയിലെ ദവാദമി, അഫീഫ് എന്നീ പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. എണ്ണ സമ്പന്നമായ കിഴക്കൻ പ്രവിശ്യയിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് . സംഭവത്തെ തുടർന്ന് ഈ രണ്ട് സ്റ്റേഷനുകളിലെയും പമ്പിങ് താൽക്കാലികം നിർത്തിവെച്ചിരിക്കയാണെന്ന് ഊർജ്ജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സ്റ്റേഷനുകൾക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമാണ് പമ്പിങ് ഇനി ആരംഭിക്കുക.അന്താരാഷ്ട്ര എണ്ണ വിതരണത്തെ ഇത് ബാധിക്കില്ല. എന്നാല്‍ തീവ്രവാദ ആക്രമണങ്ങൾ സൗദിക്ക് മാത്രമല്ല അന്താരാഷ്ട്ര തലത്തിലുള്ള എണ്ണ വിതരണത്തിന് തന്നെ ഭീഷണിയാണെന്ന് ഊർജ്ജ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം യൂ എ ഇ കടലിൽ കപ്പലുകൾ നേരെ ഉണ്ടായ ആക്രമണം പോലെ ഇത്തരം പ്രവണതകൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.