ദമ്മാം: സൗദിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് അറ്റോണി ജനറല്‍. രാജ്യത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത രണ്ട് വ്യത്യസ്ത സംഭവങ്ങളിലെ പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യാനും അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.സൗദി കിഴക്കന്‍ പ്രവിശ്യയിലാണ് രണ്ട് വിത്യസ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീയെ ശാരീരികമായും ലൈംഗീകമായും അപമാനിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറല്‍ ആയതോടെ പബ്ലിക് പ്രോസിക്യൂഷന് നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. പ്രതികളായ ഇരുവരെയും തിരിച്ചറിഞ്ഞതായും ഇരുവരും സ്വദേശികളാണെന്നും പോലീസ് വാക്താവ് കേണല്‍ സിയാദ് അല്‍ റിഖൈത്തി വ്യക്തമാക്കി. രാജ്യത്ത് സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പുതിയ നിയമ നിര്‍മ്മാണത്തിന്റെ കരട് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങള്‍ സല്മാന് രാജാവിന്റെ ഭരണത്തിലാണ് കഴിയുന്നതെന്നും രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളതെന്നും സൗദി ശൂറാ കൗണ്‍സില്‍ വനിത അംഗമായ നൂറാ ശാബാന്‍ പറഞ്ഞു.