സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരകൻ വെടിയേറ്റ് മരിച്ചു

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗി(50)യാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.  ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിം​ഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിം​ഗിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമേഠിയിലെ ​ഗൗരി​ഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. രാഷ്ട്രീയ വൈരാഗ്യമാകാം കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എ.എസ്.പി ദയാറാം പറഞ്ഞു.

2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു സുരേന്ദ്ര സിംഗ്. മുൻ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കർ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്.
15 വർഷം തുടർച്ചയായി അമേഠി എംപിയായിരുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തിൽ സുരേന്ദ്ര സിങ് നിർണായക പങ്ക് വഹിച്ചിരുന്നു