ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം.

കൊളംബോ: മുസ്ലീം വിരുദ്ധ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് നിരോധനം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നാലെ മുസ്ലീം വിഭാഗത്തിന് നേരെ വ്യാപകമായ ആക്രമണമാണ് ശ്രിലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേത്തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ചിലാവില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുസ്ളീം വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ‘കൂടുതല്‍ ചിരിക്കരുത് ഒരു ദിവസം നിങ്ങള്‍ക്ക് കരയേണ്ടി വരുമെന്നായിരുന്നു ഒരു മുസ്ലീം കച്ചവടക്കാരന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്.  ഇത് രാജ്യത്ത് വീണ്ടും ആക്രമണമുണ്ടാകുമെന്നതിന്‍റെ സൂചനയാണെന്ന് ആരോപിച്ച് ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആക്രമണങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പിന്നീട്  പിന്‍വലിച്ചു. എന്നാല്‍ ഫേസ്ബുക്കിന്‍റേയും വാട്സ് ആപ്പിന്‍റേയും നിരോധനം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തില്‍ 258 പേരാണ് കൊല്ലപ്പെട്ടത്.