അറബ്​ ഇസ്​ലാമിക രാജ്യങ്ങളുടെ ഉച്ചകോടികൾക്ക്​ മക്കയിൽ  നാളെ തുടക്കമാവും

7

ജിദ്ദ :പശ്​ചിമേഷ്യയിൽ അസമാധാനം രൂക്ഷമായ സാഹചര്യത്തിൽ അറബ്​ ഇസ്​ലാമിക രാജ്യങ്ങളുടെ ഉച്ചകോടികൾക്ക്​ മക്കയിൽ  നാളെ തുടക്കമാവും. ജി.സി.സി, ഒ.​ഐ .സി ഉച്ചകോടികളാണ്​ 30, 31തിയതികളിൽ  സൗദിയുടെ നേതൃത്വത്തിൽ നടക്കുന്നത്​. സമ്മേളനങ്ങളിൽ സംബന്ധിക്കാൻ രാഷ്​ട്ര നേതാക്കൾ മക്കയിൽ എത്തിക്കൊണ്ടിരിക്കയാണ്​. ഹറമിനോട്​ ചേർന്ന സഫ കൊട്ടാരത്തിലാണ്​ സൽമാൻ രാജാവ്​ അതിഥികളെ  സ്വീകരിക്കുന്നത്​.  ഇറാൻ പിന്തുണയോടെ ഹൂതികൾ നിരന്തരമായി മേഖലയിൽ ആക്രമണം നടത്തുന്ന  പശ്​ചാത്തലത്തിലാണ്​ അടിയന്തര ജി.സി.സി ഉച്ചകോടി നാളെ ചേരുന്നത്​. ഒ.​ ഐ .സിയുടെ ഇസ്​ലാമിക  ഉച്ചകോടി 31ന്​ മക്കയിൽ നടത്താൻ നേരത്തെ തീരുമാനിച്ചതായിരുന്നു. അതിനിടയിൽ ദുബൈ തീരത്തത്​ സൗദിയുടേതടക്കം എണ്ണക്കപ്പലുകൾക്ക്​ നേരെയും സൗദിയിൽ അരാംകോ എണ്ണക്കുഴലുകൾക്കു നേരെയും ആക്രമണങ്ങൾ  നടന്ന സാഹചര്യത്തിലാണ്​ ജി.സി.സി ഉച്ചകോടി. അടിയന്തിര ജി.സി.സി ചേരാൻ തീരുമാനിച്ച ശേഷം മക്കയും ജിദ്ദയും ലക്ഷ്യമാക്കി യമൻ അതിർത്തിയിൽ നിന്ന്​ ഹൂതി ബാലിസ്​റ്റിക്​ മിസൈൽ വന്നതും നജ്​റാൻ, ജിസാൻ  വിമാനത്താവളങ്ങൾക്ക്​ നേരെ സ്​ഫോടകവസ്​തു നിറച്ച  ഡ്രോണുകൾ വന്നതും ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇറാൻ  ഭീഷണി ആവർത്തിക്കുന്ന കാര്യം സൗദി അറേബ്യ ഉച്ചകോടിയിൽ അവതരിപ്പിക്കും. അതേ  സമയം ഇറാനുമായി  യുദ്ധത്തിന്​ തയാറല്ലെന്നും  അടിച്ചാൽ തിരിച്ചടിക്കേണ്ടി വരുമെന്നും സൗദി  വ്യക്​തമാക്കിയിട്ടുണ്ട്​.   ഒ.ഐ .സിയുടെ 14ാമത്​ ഉച്ചകോടിയാണ്​ വെള്ളിയാഴ്​ച മക്കയിൽ നടക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവ്​ അധ്യക്ഷത വഹിക്കും. ‘മക്ക ഉച്ചകോടി, ഭാവിക്ക്​ വേണ്ടി കൈകോർത്ത്​’ എന്ന തലക്കെട്ടിലാണ് സമ്മേളനം​.  ഒ.ഐ .സി അംഗരാജ്യങ്ങളിലെ ഭരണാധികാരികളാണ്​ യോഗത്തിൽ  പങ്കെടുക്കുന്നത്