മോഷണക്കേസിൽ മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാൻ സൗദി കോടതി വിധി

റിയാദ്: സൗദിയിൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാൻ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതി  ഉത്തരവിട്ടത്. ജോലിചെയ്തിരുന്ന അബഹയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഒരുലക്ഷത്തി പതിനായിരം സൗദി റിയാൽ കാണാതായ കേസിലാണ് മലയാളി പോലീസ് പടിയിലായത്.

മോഷണം പോയ മുഴുവൻ പണവും മലയാളിയുടെ താമസസ്ഥലത്തെ കുളിമുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശരീഅത്തു നിയമം അനുസരിച്ചാണ് പ്രതിയുടെ വലതു കൈയ്യുടെ കൈപ്പത്തി വെട്ടാൻ കോടതി ഉത്തരവിട്ടത്. എന്നാൽ പ്രതിക്ക് അപ്പീലിന് പോകാൻ കോടതി അനുവദിച്ചിട്ടുണ്ട്.