യു.എ.ഇയുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ബഹ്റൈന് ഏറെ താല്‍പര്യമുണ്ടെന്ന് ഹമദ് രാജാവ്

മനാമ: ​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ സന്ദർശനത്തിനുശേഷം മടങ്ങിയെത്തി. ഹമദ്​ രാജാവും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനും തമ്മില്‍ ചര്‍ച്ച നടത്തി. അബൂദബിയിലെ ഇമാറാത്ത് കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഹമദ്​ രാജാവിന്​ ഊഷ്മള സ്വീകരണം നല്‍കുകയും രണ്ടാം രാജ്യമായ യു.എ.ഇയിലേക്ക്  സ്വാഗതം ചെയ്യുകയും ചെയ്തു. ഇരുപേരും തമ്മില്‍ നടത്തിയ കൂടിക്കാഴ്​ചയില്‍ മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകള്‍ വിലയിരുത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. യു.എ.ഇയുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ബഹ്റൈന് ഏറെ താല്‍പര്യമുണ്ടെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. യു.എ.ഇ നല്‍കിക്കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണക്കും സഹായ സഹകരണങ്ങള്‍ക്കും ഹമദ് രാജാവ് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മേഖലയില്‍ വ്യത്യസ്ത നിലപാടുകളിലൂടെ ശ്രദ്ധേയമായി മാറാന്‍ യു.എ.ഇക്ക് സാധിച്ചിട്ടുണ്ട്. അറബ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മേഖലയില്‍ ശാന്തിയും സമാധാനവും സാധ്യമാക്കുന്നതിനും യു.എ.ഇ നിലപാടുകള്‍ പ്രസ്താവ്യമാണെന്നും രാജാവ് ചൂണ്ടിക്കാട്ടി. ജി.സി.സി, അറബ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നയ സമീപനങ്ങളില്‍ യു.എ.ഇയോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.