യു.എ.ഇയിൽ പത്തുവർഷത്തെ വിസയ്ക്ക് 1150 ദിർഹം

8

ദുബായ്: നിക്ഷേപകർക്കും സംരംഭകർക്കും വിവിധ മേഖലയിലെ വിദഗ്ധർക്കും യു.എ.ഇ. അനുവദിക്കുന്ന ദീർഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. പത്തുവർഷത്തെ വിസയ്ക്ക് 1150 ദിർഹമാണ് നിരക്ക്. അഞ്ചുവർഷ വിസയുടെ നിരക്ക് 650 ദിർഹമാണ്. ഇവരുടെ കുടുംബാംഗങ്ങൾക്കും ഇതേ നിരക്കിൽ തന്നെ ദീർഘകാല വിസ അനുവദിക്കും.

പത്തുവർഷത്തെ വിസയ്ക്ക് അപേക്ഷാ ഫീസ് 150 ദിർഹവും വിസയുടെ നിരക്ക് 1000 ദിർഹവുമാണ്. അഞ്ചുവർഷത്തെ വിസയ്ക്ക് ഇത് യഥാക്രമം 150 ദിർഹവും 500 ദിർഹവുമാണ്. ദീർഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാൻ മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിച്ചുതുടങ്ങി. 1100 ദിർഹമാണ് ഇതിന്റെ നിരക്ക്.

വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ദീർഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നൽകിയത്.