യു.എ.ഇ. റോഡുകളിൽ മത്സരയോട്ടം വേണ്ടെന്ന് പോലീസ്

6

ദുബായ്: യു.എ.ഇ. റോഡുകളിൽ മത്സരയോട്ടം വേണ്ടെന്ന് പോലീസ്. ദുബായ് പോലീസും അബുദാബി പോലീസും ചേർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ റേസിങ്ങിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

റംസാൻ മാസം തുടങ്ങി നാലാംദിവസം മത്സരയോട്ടത്തെ തുടർന്നുണ്ടായ വാഹനാപകടത്തിൽ അൽഐനിൽ നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എ.ഇ. റോഡുകളിൽ മത്സരയോട്ടം നടത്തുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും ലഭിക്കുമെന്ന് ദുബായ്-അബുദാബി പോലീസ് വകുപ്പുകൾ അറിയിച്ചു. വണ്ടി 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. മാത്രമല്ല അനുവാദമില്ലാതെ വാഹനത്തിന്റെ എൻജിനിൽ മാറ്റങ്ങൾ വരുത്തിയാലും 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും കിട്ടും. വണ്ടി ഒരു മാസത്തേക്ക് പിടിച്ചു വെക്കുകയും ചെയ്യും.

റംസാൻ മാസത്തിൽ രാത്രി ഏറെ വൈകി റോഡുകളിൽ മത്സരയോട്ടം നടത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താമസമേഖലകളിലും ഹൈവേകളിലും റേസിങ് നടത്തുന്നവർ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും റോഡ് സുരക്ഷക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.