രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിൽ

6

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവുമുയർന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ജനുവരിയിൽ മാധ്യമങ്ങളിലൂടെ ചോർന്ന കരട് റിപ്പോർട്ടിൽ രാജ്യത്തെ 6.1% പേർക്ക് തൊഴിലില്ലെന്ന കണക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ അന്ന് ഇത്, നീതി ആയോഗ് വൈസ് ചെയർമാനടക്കം നിഷേധിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ മന്ത്രിസഭാരൂപീകരണം കഴിഞ്ഞ ശേഷം മാത്രമാണ് മന്ത്രാലയം ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടുന്നതെന്നത് ശ്രദ്ധേയമാണ്. 2017-18 വർഷത്തെ കണക്കാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി രൂക്ഷം. 5.3% പേർക്കും തൊഴിലില്ല. അങ്ങനെ ആകെ കണക്കാക്കിയാൽ രാജ്യമെങ്ങും 6.1 % പേർക്ക് തൊഴിലില്ല. പുരുഷൻമാർക്കിടയിൽ ഈ കണക്ക്, 6.2 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ 5.7% പേർക്ക് തൊഴിലില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനുവരിയിൽ ഈ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ ചോർന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അന്ന് എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ശക്തമായി നിഷേധിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും, കരട് റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമാണിതെന്നുമായിരുന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞത്.
തെരഞ്ഞെടുപ്പിന് മുമ്പേ വൻ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന ഈ കണക്കുകൾ നരേന്ദ്രമോദി സർക്കാർ പുറത്തുവരാതെ പൂഴ്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.