വിദ്യാധരൻ മാസ്റ്റർക്ക് അബുദാബിയുടെ ആദരവ്

അബുദാബി: രാഷ്ട്രീയത്തെക്കാളും മതത്തെക്കാളും പ്രസക്തിയോടെ പലപ്പോഴും ജനതകളെ ഒരുമിപ്പിച്ചു നിർത്താൻ സംഗീതമുൾപ്പെടെ കലകൾക്കാണ് സാധിക്കുകയെന്ന് ഡോ. എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. സ്വന്തം പാരമ്പര്യങ്ങളിൽ നിന്നുകൊണ്ട് മനുഷ്യഹൃദയങ്ങളുടെ രഞ്ജിപ്പിന്റെ ഈ സൗന്ദര്യം ആവിഷ്ക്കരിച്ച സംഗീതജ്ഞനാണ് വിദ്യാധരൻ മാസ്റ്ററെന്നും അദ്ദേഹം പറഞ്ഞു. മലയാളമണ്ണിന്റെ മണമുള്ള പാട്ടുകൾ കൊണ്ട് മലയാണ്മയെ ധന്യമാക്കിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ നൃത്ത സംഗീത മേളയൊരുക്കി സമുചിതമായ ആദരമൊരുക്കിയ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. എം.എൻ.കാരശ്ശേരി.

അബുദാബി മലയാളി സമാജവും എൻ.എം.സി. ഹെൽത്തും യു.എ.ഇ. എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ‘ചന്ദനമണമുള്ള പാട്ടുകൾ’ എന്ന ചടങ്ങിൽ മാസ്റ്റർക്ക് ഡോ.എം.എൻ. കാരശ്ശേരി ഉപഹാരവും സമാജം പ്രസിഡന്റ് ഷിബു വർഗീസ് പൊന്നാടയും സമർപ്പിച്ചു. യു.എ.ഇ. എക്സ്ചേഞ്ച് കമ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ ആശംസ നേർന്നു. സമാജം വൈസ് പ്രസിഡന്റ് സലിം ചിറക്കൽ പ്രശസ്തിപത്രം സമർപ്പിച്ചു. ജനറൽ സെക്രട്ടറി ജയരാജൻ സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര നന്ദിയും പറഞ്ഞു. താഹിർ ഇസ്മായിൽ ചങ്ങരംകുളം സംവിധാനം ചെയ്ത പരിപാടിയുടെ അവതാരകൻ കെ.കെ. മൊയ്തീൻ കോയയായിരുന്നു. രമ്യാ ശ്രീഹരിയും രജീഷും ചേർന്ന് നൃത്തശില്പം അവതരിപ്പിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായകരായ സുദീപ്‌ കുമാർ, ചിത്രാ അരുൺ, ഹരിത ഹരീഷ്, ഷാജി, ശ്രീഹരി എന്നിവരോടൊപ്പം വിദ്യാധരൻ മാസ്റ്ററും ഗാനങ്ങൾ ആലപിച്ചു.