അബൂദബി: ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വിസിറ്റ് വിസയിൽ കയറ്റിവിട്ട് കോട്ടയം സ്വദേശികളായ ഷീജ, ഷീബ എന്നീ സഹോദരിമാരെ വഞ്ചിച്ചു. മലയാളി വീട്ടിൽ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്താണ് സലീം, റജീന എന്നീ ഏജൻറുമാരാണ് പണം വാങ്ങി ഇരുവരെയും യു.എ.ഇയിലേക്ക് കൊണ്ടു വന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇയിൽ വന്നിറങ്ങിയ ഇവരെ റജീനയുടെ സഹായികളായ ജലാലും സെയ്ദും നാലു ദിവസത്തോളം പലയിടങ്ങിൽ ചുറ്റിക്കറക്കുകയായിരുന്നു.
ജോലി സ്ഥലം എവിടെയെന്നന്വേഷിച്ചതോടെ ഏജൻറിന്റെ സഹായികൾ പാസ്പോർട്ട് പിടിച്ചുവെച്ചു. അബൂദബിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് വീണ്ടും വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും അതും തട്ടിപ്പായിരുന്നുവെന്ന് സഹോദരിമാർ പറയുന്നു. ഇവർ ബഹളം വെച്ചതു കണ്ട് വിവരമന്വേഷിക്കാനെത്തിയ യുവാക്കൾ ഇടപെട്ട് ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയായിരുന്നു. എംബസിയിൽ സഹായം തേടിയ ഇവർക്ക് ഒന്നുകിൽ ശരിയായ വിസയിൽ ജോലി വേണം, അല്ലെങ്കിൽ തിരിച്ചു നാട്ടിൽ പോകണം. എന്തു തന്നെയായാലും ഇനിയാരും തങ്ങളുടെ പോലെ വഞ്ചിക്കപ്പെട്ട് വിസിറ്റ് വിസയിൽ ജോലിക്കായി വരരുത് എന്നാണ് ഇപ്പോൾ ഏവരോടും അവർക്ക് പറയുവാനുള്ളത്.