ഖത്തറില്‍ വാട്സ്ആപ് കോളുകളുടെ നിയന്ത്രണം നീങ്ങിയെന്ന് റിപ്പോർട്ട്‌

5

ദോഹ: ഖത്തറില്‍ വാട്സ്ആപ് വോയിസ്, വീഡിയോ കോളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി. കഴിഞ്ഞ ദിവസം മുതല്‍ കോളുകള്‍ ലഭ്യമായി തുടങ്ങിയെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഖത്തറില്‍ നേരത്തെ വാട്സ്ആപ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭിക്കുമായിരുന്നെങ്കിലും 2017 തുടക്കം മുതലാണ് ഇവ കിട്ടാതെയായത്. തുടര്‍ന്ന് മെസേജുകളും വീഡിയോകളും ഫോട്ടോകളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. കഴിഞ്ഞ ദിവസമാണ് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്തോഷം പകര്‍ന്ന വാര്‍ത്തയെത്തിയത്. വാട്സ്ആപിന് പുറമെ ഫേസ്‍ടൈം, സ്കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭിച്ചിരുന്നില്ല. ഇവയും ഇപ്പോള്‍ ലഭിച്ചു തുടങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ വിളിക്കാനാവുമെന്നതിനാല്‍ പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി.