ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് അടുത്ത ബന്ധമില്ലെന്ന് സാക്കിര്‍ നായിക്.

ന്യൂഡൽഹി: തനിക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിനോട് പ്രത്യേകിച്ച ഒരുവിധ അടുപ്പവുമില്ല. കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാല്‍ ബിജെപിക്ക് നേട്ടമുണ്ടാവുന്നുണ്ട്.

കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കായി പോയിട്ടുണ്ട്. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്നത് ഒരു ചാരിറ്റബിള്‍ സംഘടനയാണ്. നിരവധി എന്‍ജിഒകള്‍ക്ക് സംഘടന സഹായം നല്‍കുന്നുണ്ട്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് ഐആര്‍എഫ് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

പക്ഷേ, അവര്‍ വിശദീകരണം കൂടാതെ ആ പണം തിരികെ നല്‍കി. എന്നാല്‍, അതിനെക്കാള്‍ കൂടുതല്‍ സംഭാവനകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ചാരിറ്റിക്കായാണ് പണം നല്‍കുന്നത്, അല്ലാതെ പാര്‍ട്ടികള്‍ക്കല്ലെന്നും സാക്കിര്‍ നായിക് ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കോണ്‍സിന്‍റേതിനെക്കാള്‍ ബിജെപിയോട് അനുഭാവമുള്ള സംഘടനകള്‍ക്ക് അഞ്ചിരട്ടിയിലേറെയാണ് സംഭാവനയായി നല്‍കിയിട്ടുള്ളത്. ബിജെപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതൊന്നും പറയാതെ തന്‍റെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് വരുത്തി തീര്‍ക്കുകയാണ്. താന്‍ മതത്തെ കുറിച്ച് പഠിക്കുന്നയാളാണ്.

തന്റെ പഠനത്തില്‍ ഒരു മതവും, ഹിന്ദുവോ ക്രിസ്ത്യനോ ഇസ്ലാമോ മനുഷ്യരെ കൊല്ലാന്‍ എവിടെയും പറയുന്നില്ല. രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ ഈ തീവ്രവാദി ആക്രമണങ്ങളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഭീകരാക്രമണം നടത്തിയവരുടെ വീട്ടില്‍ നിന്ന് തന്‍റെ പ്രഭാഷണത്തിന്‍റെ വീഡിയോ ലഭിച്ചു.

അതിനാല്‍ തന്‍റെ പ്രഭാഷണമാണ് തീവ്രവാദത്തിന് പ്രചോദനമായതെന്ന് പറയാനാകുമോ. ഇന്ത്യയും ബംഗ്ലാദേശുമൊഴികെ വേറെ ഒരു രാജ്യവും പീസ് ടിവി നിരോധിച്ചിട്ടില്ല. ശ്രീലങ്ക ഔദ്യോഗികമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിവ്. ബിജെപി അധികാരത്തിലുള്ളപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി.