കുവൈത്തിൽ വിദേശികൾക്ക് ജോലി മാറണമെങ്കിൽ ഇനിമുതൽ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയിൽ തിരിച്ച് വരണം

കുവൈറ്റ് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ജോലി മാറണമെങ്കിൽ ഇനിമുതൽ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയിൽ തിരിച്ച് വരണം. ഏതെങ്കിലും വിസയിലെത്തിയ ശേഷം യോഗ്യമായ ജോലി കണ്ടെത്തുന്ന പ്രവണത കുറക്കാനാണ് നടപടി. കൂടാതെ അടുത്ത വർഷം മുതൽ 20 തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നിർബന്ധമാക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രി മറിയം അൽ അഖീൽ വ്യക്തമാക്കി.വിസ സംഘടിപ്പിച്ച് കുവൈത്തിലെത്തി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉയർന്ന തസ്തികകളിൽ ജോലി നേടുന്ന പ്രവണത കൂടിയതോടെയാണ് പുതിയ നടപടി. കുവൈത്തിൽ വന്നതിന് ശേഷം നേടുന്ന വിദ്യാഭ്യാസ യോഗ്യതയും വിസാ മാറ്റത്തിന് പരിഗണിക്കില്ല. അതോടൊപ്പം അടുത്ത വർഷം മുതൽ സ്വകാര്യ മേഖലയിൽ നിന്ന് പൊതുമേഖലയിലേയ്ക്കും തിരിച്ചും ഇഖാമ മാറ്റം അനുവദിക്കില്ല. മാത്രമല്ല ഒരേ മേഖലയിൽ ഇഖാമ മാറ്റുന്നതിന് കർശന നിയന്ത്രണം കൊണ്ടുവരുമെന്നും സാമ്പത്തിക കാര്യ മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണങ്കിലും ജോലി മാറ്റം സാധ്യമാകില്ല. കൂടാതെ 20 തസ്തികകളിലെ ജോലിക്ക് അടുത്ത വർഷം മുതൽ എഴുത്ത് അല്ലെങ്കിൽ പ്രായോഗിക പരീക്ഷ ക്ഷയും നിർബന്ധമാക്കും. കാർ മെക്കാനിക്ക്, ഇലക്ട്രീഷൻ, പ്ലംബർ, ആശാരി, ലാബ് ടെക്നീഷൻ, അക്കൗണ്ടൻറ്, ലീഗൽ കൺസൾറ്റൻറ്, വെൽഡർ, തുടങ്ങിയ ജോലികൾക്കാണ് പരീക്ഷ നിർബന്ധമാക്കുക. രാജ്യത്ത് അധികമുള്ള അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, വിസ കച്ചവടത്തിലൂടെ ചതിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരീക്ഷയെന്ന് മന്ത്രി പറഞ്ഞു.