പ്രാദേശിക സംസകാരങ്ങളെ മാനിക്കണമെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും ഒമാൻ

മസ്‍കത്ത്: വിനോദസഞ്ചാരികള്‍ രാജ്യത്ത് മാന്യമായ വസ്ത്രം ധരിക്കണമെന്നും പ്രാദേശിക സംസ്‍കാരങ്ങളെ മാനിക്കണമെന്നും ഒമാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ് ഫെസ്റ്റിവലിന് എത്തുന്ന സന്ദര്‍ശകര്‍ക്കായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

മാന്യമായ വസ്ത്രധാരണവും ഒമാനികളുടെ രീതികളെയും മാനിക്കണമെന്ന് കാണിച്ച് അര ലക്ഷത്തിലധികം ലഘുലേഖകളാണ് വിതരണം ചെയ്തത്. ദോഫാറില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഖരീഫ് ഫെസ്റ്റിവലിന് തുടക്കമായത്. ടൂറിസ്റ്റുകളെ എത്തിക്കുന്ന ബസുകളുടെ സ്ക്രീനുകളിലും ഇക്കാര്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ക്കിടയിലും വെച്ച് ഫോട്ടോകള്‍ എടുക്കുന്നവര്‍ അതിനുള്ള അനുവാദം വാങ്ങിയിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എടുക്കരുതെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ അറിയിപ്പ്.