മക്കളുടെ കൂട്ടുകാരെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്ന് യുഎഇയിലെ ഇന്നത്തെ ജുമാ പ്രസംഗം 

17

യുഎ ഇ യിലെ മസ്‌ജിദുകളിൽ ഇന്ന് ജുമാ പ്രസംഗത്തിന്റെ വിഷയം മയക്കുമരുന്നുകൾക്കും ലഹരി വസ്തുക്കൾക്കും എതിരായ ബോധവൽകരണം സംബന്ധിച്ചായിരുന്നു. മനുഷ്യ വംശത്തിനുമാത്രം ലഭ്യമായ അപാരമായ ചിന്താശേഷിയും ഉന്നത ബുദ്ധിയും വീണ്ടുവിചാരവും നശിപ്പിക്കുന്ന പ്രധാന ഘടകമാണ് ലഹരിവസ്തുക്കൾ എന്ന് ഇമാമുമാർ ഓർമിപ്പിച്ചു. കിട്ടിയ ബുദ്ധി എങ്ങനെ ഉപയോഗിച്ചുവെന്ന് പരലോകത്തു വച്ച് ചോദ്യം ചെയ്യപ്പെടുമെന്ന ഖുർആനിക സൂക്തങ്ങൾ പള്ളികളിൽ ഉദ്ധരിക്കപ്പെട്ടു.

കൂട്ടുകെട്ടുകൾ വഴി യുവ തലമുറ മദ്യം , മയക്കുമരുന്ന് തുടങ്ങിയവയ്‌ക്ക്‌ അടിമപ്പെടുന്ന രീതിയിൽ നിന്ന് മാറാൻ മാതാപിതാക്കൾ , ചുരുങ്ങിയ പക്ഷം മക്കളുടെ കൂട്ടുകാർ ആരെന്ന് അറിഞ്ഞിരിക്കണമെന്ന് ജുമാ പ്രസംഗം ഓർമിപ്പിച്ചു. മക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ പിതാവിനുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഖുതുബ സൂചിപ്പിച്ചു . മയക്കുമരുന്നിൽ അടിപ്പെട്ടുപോയവർ കുടുംബത്തിലോ ചുറ്റുവട്ടത്തോ ഉണ്ടെങ്കിൽ അവരെ അവഗണിച്ചു കളയാതെ കൂടെ നിർത്തി ശെരിതെറ്റുകൾ ഉപദേശിച്ചുകൊടുത്തു മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് പ്രസംഗത്തിൽ വ്യക്തമാക്കി.