മനാമ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുമന്ന് കുവൈത്ത്

8

മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മനാമ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുമന്ന് കുവൈത്ത് അറിയിച്ചു. അമേരിക്കയുടെ അദ്ധ്യക്ഷതയില്‍ ഇസ്രാഈല്‍ അനുകൂലമായാണ് സമ്മേളനം നടക്കുന്നതെന്നും ഇത് ഫലസ്ഥീന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് തങ്ങളുടെ അതൃപ്തിയും ബഹിഷ്‌കരണവും പ്രഖ്യാപിച്ചത്.
അമേരിക്കയും ഇസ്രാഈലും ഏതാനും അറബ് രാഷ്ട്രങ്ങളും പെങ്കടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് നേരത്തെ തന്നെ ഫലസ്ഥീന്‍ വ്യക്തമാക്കിയിരുന്നു.
ഇസ്രാഈലുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പെങ്കടുക്കാത്തതെന്നാണ് കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഫലസ്തീനെ പിന്തുണക്കുകയെന്നത് കുവൈത്തിന്റെ വിദേശനയത്തിന്റെ കാതലാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് വ്യക്തമാക്കി. പരിപാടിയില്‍ പെങ്കടുക്കരുതെന്ന് കഴിഞ്ഞദിവസം കുവൈത്ത് പാര്‍ലമെന്റ് എകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.
കുവൈത്തിന്റെ തീരുമാനം പ്രഖ്യാപിക്കവെ, തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കും മന്ത്രി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്താനും നടപ്പാക്കാനും തങ്ങള്‍ക്ക് അവകാശവും പ്രാപ്തിയുമുണ്ടെന്നും അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അറബ് രാജ്യങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിക്കാനാണിപ്പോള്‍ ഇസ്രാഈലിന്റെ ശ്രമമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് പാര്‍ലിമന്റ് അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ചരിത്രപരമായും ന്യായവുമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ഇസ്രായേല്‍ വീണ്ടും ശ്രമിക്കുന്നത്. അവരുമായി ഒരു ബന്ധവും വേണ്ടെന്നത് കുവൈത്തിന്റെ പ്രഖ്യാപിത നയമാണെന്നും പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.