യു.എ.ഇ യിൽ രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിലുള്ള വിദ്യാർഥികൾക്ക് ഒരു വർഷ കാലാവധിയുള്ള വിസ

7

ദുബായ്: യു.എ.ഇ യിൽ രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിലുള്ള വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനോ തൊഴിൽ കണ്ടെത്താനോ ഒരു വർഷ കാലാവധിയുള്ള വിസ അനുവദിക്കുന്നു. സെക്കൻഡറി/കോളജ് വിദ്യാർഥികൾ, ജൂൺ 15ന് 18 വയസ്സ് കഴിഞ്ഞവർ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 100 ദിർഹമാണ് വിസ ഫീസ്. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് സൗകര്യമൊരുക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലെ വിദേശകാര്യാലയ വിഭാഗം ജനറൽ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.

നിലവിൽ 18 വയസ്സ് കഴിഞ്ഞ വിദ്യാർഥികളുടെ വിസ പുതുക്കാൻ രക്ഷിതാക്കൾ നേരിട്ട് എമിഗ്രേഷനിലെത്തി അപേക്ഷ സമർപ്പിക്കുകയും 5000 ദിർഹം സെക്യൂരിറ്റിയായി കെട്ടിവയ്ക്കുകയും ചെയ്യണമായിരുന്നു. പുതിയ നിയമമനുസരിച്ച് സാധാരണ വിസ പുതുക്കുന്നതുപോലെ എമിഗ്രേഷനിലോ തസ്ഹീൽ സെന്ററിൽ നിന്നോ വിസ പുതുക്കാനാകും. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയുടെ പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.