12ആമത് ഖുര്‍ആന്‍ മുസാബഖ ദേശീയ സംഗമം ജൂണ്‍ 21-ന്

റിയാദ് : സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംഗ്‌ ഖാലിദ്‌ ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഖുര്‍ആന്‍ മുസാബഖ ദേശീയ സംഗമം ജൂണ്‍ 21-ന് റിയാദിലെ ഉമ്മുല്‍ ഹമാമില്‍ കിംഗ്‌ ഖാലിദ്‌ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ് .

ഉദ്ഘാടന സംഗമം, ഇന്ററാക്ടീവ് സെഷന്‍, തസ്കിയ്യത്ത് സമ്മേളനം, സമ്മാന ദാനം എന്നിങ്ങനെ നാലു സെഷനുകളിലായി സംഗമം ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ്. കിംഗ്‌ ഖാലിദ്‌ ഇസ്‌ലാമിക് സെന്റര്‍ മേധാവി ശൈഖ് ഖാലിദ്‌ ഫഹദ് അല്‍ ജുലൈല്‍ സംഗമം ഉദ്ഘാടനം ചെയ്യും . തുടര്‍ന്ന്‍ നടക്കുന്ന ഇന്ററാക്ടീവ് സെഷന്‍ ഹാഫിസ് മദനി പുത്തൂര്‍, അബ്ദുല്‍ ഖയ്യൂം ബുസ്താനി, ബഷീര്‍ സ്വലാഹി എന്നിവര്‍ നയിക്കും.

വൈകിട്ട് നടക്കുന്ന പഠന സെഷനില്‍ അജ്മല്‍ മദനി വാണിമേല്‍, അബ്ദുറഹ്മാന്‍ മദീനി , സുബൈര്‍ തങ്ങള്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും . കേരള നദ്.വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

ഏഴ് മണിക്ക് നടക്കുന്ന സമ്മാന സംഗമത്തില്‍ പന്ത്രണ്ടാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ ആദരിക്കുന്നതാണ്. ആദ്യ സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് സ്വര്‍ണ്ണ നാണയം , സ്മാര്‍ട്ട്‌ ഫോണ്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുക. ഉന്നത മാര്‍ക്ക് നേടിയവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

സമാപന സംഗമത്തില്‍ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, കിംഗ്‌ ഖാലിദ്‌ ഗൈഡന്‍സ് സെന്റര്‍ വിദേശ കാര്യ തലവന്‍ ശൈഖ് ഇബ്രാഹീം നാസര്‍ അസ്സര്‍ഹാന്‍ , ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി നേതാക്കള്‍ , റിയാദിലെ അറിയപ്പെട്ട സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഖുര്‍ആനിക സന്ദേശങ്ങളെ പൊതുജനങ്ങളിലേക്ക് പകര്‍ന്ന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നടത്തി വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്

➢ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബൂബക്കര്‍ എടത്തനാട്ടുകര, മുഹമ്മദ്‌ സുല്‍ഫിക്കര്‍ തൃശൂര്‍ , സഅദുദ്ദീന്‍ സ്വലാഹി, നൗഷാദ് മടവൂര്‍, അഡ്വ അബ്ദുൽ ജലീൽ , മുജീബ് അലി തൊടികപ്പുലം എന്നിവര്‍ പങ്കെടുത്തു