നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനം ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ചായിരിക്കും അബുദാബിയിൽ ഇനി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുക.
അത്യാധുനിക ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച വാഹനം മുന്നോട്ടുനീങ്ങുന്നത് സ്മാര്‍ട്ട് മുറികളിലിരുന്ന് നിരീക്ഷിക്കുന്ന സംവിധാനമാണിത്. വാഹനം ഓടിക്കുന്നയാള്‍ വിവിധ സന്ദര്‍ങ്ങളില്‍ സ്വീകരിക്കുന്ന യുക്തിവൈഭവം കൃത്യമായി നിരീക്ഷിച്ച് പരീക്ഷയില്‍ ജയപരാജയം വിലയിരുത്തും. വാഹനമോടിക്കുമ്പോള്‍ വരുത്തുന്ന പിഴവുകള്‍ സിസ്റ്റത്തില്‍ സ്വമേധയാ രേഖപ്പെടുത്തും. പഠിതാവിന് ആവശ്യമെങ്കില്‍ പിന്നീട് ഇത് പരിശോധിച്ച് തെറ്റ് മനസിലാക്കാനും അവസരമുണ്ട്. തെറ്റുകൂടാതെ വാഹനമോടിച്ചാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുകയും ചെയ്യും.
സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ് വാഹനം അബുദാബി പൊലീസ് മേധാവി മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്റൂഇ പരിശോധിച്ച് സുരക്ഷയും കൃത്യതയും ഉറപ്പുവരുത്തി.