ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്മെൻറ് നോർക്ക കർശനമായി പരിശോധിക്കും

വിസാ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഔദ്യോഗിക ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്മെൻറ് കർശനമാക്കാൻ നോർക്ക നടപടി ആരംഭിച്ചു. വിസാ തട്ടിപ്പു സംഘങ്ങളുടെ ചതിയിൽപെട്ട് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് പരാതികളാണ് സർക്കാറിന്
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.

വിദേശകാര്യ വകുപ്പിന്‍റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രം കുടിയേറ്റം എന്ന സന്ദേശം വ്യാപകമാക്കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇതിനായി മാധ്യമങ്ങളിലൂടെയും സന്നദ്ധ സംഘടനകൾ മുഖേനയും പ്രചാരണം ശക്തമാക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ട് ഉടമകളായ ഉദ്യോഗാർഥികൾ അനധികൃത ഏജന്‍റുകളാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടര്‍ ദുരിതങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യം വെച്ചാണിത്.

അനധികൃത റിക്രൂട്ടിംഗ് ഏജന്‍റുകള്‍ നല്‍കുന്ന സന്ദര്‍ശക വിസപ്രകാരമുള്ള ഗൾഫ് കുടിയേറ്റം നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നും നോർക്ക ആവശ്യപ്പെടുന്നു.

അനധികൃത വിദേശ റിക്രൂട്ട്മെന്‍റുകളെ കുറിച്ച് മുന്നറിയിപ്പുകള്‍ നൽകിയിട്ടും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോർക്കയുടെ ഇടപെടൽ.
ഗൾഫിലെത്തി ദുരിതത്തിലായ നൂറുകണക്കിനാളുകളെയാണ് നോർക്ക മുഖേനയും മറ്റും അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.