വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി വർധിച്ചു

ദുബായ്: യു എ ഇ യിലെ സ്കൂളുകൾ വേനലവധിക്ക് അടയ്ക്കാറായതോടെ വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി വർധിച്ചു. ഈ മാസം 27 മുതൽ ജൂലൈ 15 വരെയാണ് നിരക്ക് കൂട്ടിയത്. ദുബായിൽ ഈ മാസം 30നും അബുദാബിയിലും വടക്കൻ എമിറേറ്റുകളിലും ജൂലൈ 4നും സ്കൂളുകൾ അടയ്ക്കും. ഇത് കണക്കാക്കികൊണ്ടാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വർദ്ധിപ്പിച്ചത്. നാട്ടിലേക്ക് പോയവർ അവധി കഴിഞ്ഞ് തിരിച്ചുവരുന്ന ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 10 വരെയും വൻ നിരക്കാണ് ഈടാക്കുന്നത്. ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയതോടെ സീറ്റുകൾ കുറഞ്ഞതും നിരക്ക് വർധനയ്ക്ക് കാരണമായി.

എയർ ഇന്ത്യ എക്സ്പ്രസ് 3100 ദിർഹം, എയർ അറേബ്യ 3300, സ്പൈസ് ജെറ്റ് 3400, എയർ ഇന്ത്യ 4000, എമിറേറ്റ്സ് 4400, ഇത്തിഹാദ് 4500 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഇതനുസരിച്ച് 4 അംഗ കുടുംബത്തിന് നാട്ടിലേക്ക് പോയി വരണമെങ്കിൽ കുറഞ്ഞത് രണ്ടര ലക്ഷം രൂപ മുതൽ മൂന്നര ലക്ഷം വരെ വേണം. പല ദിവസങ്ങളിലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റു കിട്ടാനില്ല. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ ചില ദിവസങ്ങളിൽ ഇക്കോണമി ക്ലാസിൽ ടിക്കറ്റില്ല. വൻ തുക നൽകി ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കാൻ നിർബന്ധിതരാവുകയാണ് പലരും. അബുദാബി–കണ്ണൂർ യാത്രയ്ക്ക് നിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ്.