ദുബൈ, അബൂദബി, ഷാർജ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കും

9

യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും സേവനം മെച്ചപ്പെടുത്താൻ തീരുമാനം.
കൂടുതൽ കൗണ്ടറുകൾ സജ്ജമാക്കിയും ഉദ്യോഗസ്ഥരെ നിയമിച്ചും കുറ്റമറ്റ ബദൽ സംവിധാനം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ, അബൂദബി, ഷാർജ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ അവധിക്കാലം മുൻനിർത്തി ഏർപ്പെടുത്തേണ്ട നടപടികൾ അധികൃതർ ചർച്ച ചെയ്തു വരികയാണ്. ഈ മാസം അവസാനത്തോടെ തന്നെ എല്ലാ സംവിധാനങ്ങളുമൊരുക്കി യാത്രാ നടപടികൾ എളുപ്പത്തിലാക്കാനാണ് ധാരണ.

അടുത്ത മാസം ആധ്യത്തിലാണ് യു.എ.ഇയിലെ വിദ്യാലയങ്ങൾ വേനലവധിക്ക്
അടക്കുന്നത്. തുടർന്നുള്ള രണ്ടു മാസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

എല്ലാ വിമാനത്താവളങ്ങളിലെയും സേവനം മെച്ചപ്പെടുത്തി തിരക്ക്
ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എയർപോർട്ട്, ഗതാഗത വിഭാഗം, വിമാന കമ്പനികൾ, കസ്റ്റംസ്, അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, വിവിധ പൊലീസ് വകുപ്പുകൾ എന്നിവ കൈകോർത്താണ് പദ്ധതികൾ.

കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുന്നതോടെ യാത്രാ നടപടികളുടെ സമയം ഗണ്യമായി കുറക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

വിമാനത്താവളത്തിലെത്തുന്നവർക്കു കസ്റ്റംസ്, ബാഗേജ്, എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള സ്മാർട്ട് ഗേറ്റ് അടക്കമുള്ള സേവനങ്ങൾ നൂതന സംവിധാനത്തോടെ പരിഷ്കരിക്കാൻ അബൂദബി വിമാനത്താവള അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തിരക്കു കണക്കിലെടുത്ത് കൂടുതൽ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി