ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക

6

എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന‌് ആരോപിച്ച‌ അമേരിക്ക യുദ്ധസന്നാഹങ്ങൾ എത്തിക്കാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ചരക്കുകപ്പലുകൾക്ക് തങ്ങളുടെ പടക്കപ്പലുകൾ സുരക്ഷ ഒരുക്കുമെന്ന‌് അമേരിക്ക പ്രഖ്യാപിച്ചതോടെ ഗൾഫിൽ സൈനികസാന്നിധ്യം വർധിപ്പിക്കുമെന്ന‌് വ്യക്തമായി. ഡിസ്ട്രോയര്‍ വിഭാഗത്തിൽപ്പെട്ട മറ്റൊരു യുദ്ധക്കപ്പൽകൂടി അമേരിക്ക അയച്ചു.

എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടത്തിന് പിന്നിൽ ഇറാൻ ആണെന്ന് അമേരിക്ക പറഞ്ഞിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. ഈ വാദത്തിന‌് ബലമേകുന്ന തെളിവെന്ന പേരിൽ ആക്രമണത്തിന‌് ഇരയായ കോകുക കറേജ്യസ് എന്ന ടാങ്കറിന്റെ ഒരുഭാഗത്തുനിന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മൈൻ നീക്കംചെയ്യുന്ന വീഡിയോ അമേരിക്കൻ സെൻട്രൽ കമാൻഡ‌് പുറത്തുവിട്ടു. പിന്നാലെ ഇറാനെ കുറ്റപ്പെടുത്തി ബ്രിട്ടനും സൗദിഅറേബ്യയും രംഗത്തെത്തിയിരുന്നു.