ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ഇതിന്റെ തെളിവായി ഒരു വീഡിയോ ദൃശ്യവും അമേരിക്കന്‍ നാവിക സേന പുറത്തുവിട്ടു. അതേസമയം യാതൊരു തെളിവുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഇറാന് പ്രതികരിച്ചു.
കപ്പലുകള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് സഹായത്തിനെത്തിയ അമേരിക്കന്‍ വിമാനങ്ങള്‍ പകര്‍ത്തിയതെന്ന അവകാശപ്പെടുന്ന വീഡിയോ ദൃശ്യം വെള്ളിയാഴ്ച രാവിലെയാണ് അമേരിക്കന്‍ നാവിക സേന പുറത്തുവിട്ടത്. ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് ചിലര്‍ സ്ഫോടക വസ്തുക്കള്‍ മറ്റൊരു ബോട്ടിലേക്ക് മാറ്റുന്ന ബ്ലാക് ആന്റ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഫോടനത്തില്‍ തകരാത്ത മൈനുകള്‍ ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ എടുത്തുമാറ്റുകയായിരുന്നുവെന്നും തെളിവുകള്‍ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. ഒരു പട്രോള്‍ ബോട്ട് കപ്പലിനടുത്തേക്ക് വരുന്നതും ഇതിലേക്ക് സാധനങ്ങള്‍ മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം ആക്രമണത്തിന് പിന്നാല് തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം ഇറാന് നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും അമേരിക്കയുടെ ഇറാനോഫോബിക് ക്യാമ്പയിന്റെ ഭാഗമാണിതെന്നും ഇറാന് പ്രതികരിച്ചു.