അമേരിക്കൻ ഡ്രോൺ തകർത്ത ഇറാന്‍റെ നടപടി വലിയ തെറ്റെന്ന് ട്രംപ്.

വാഷിംഗ്ടൺ: അമേരിക്കൻ ഡ്രോൺ തകർത്ത ഇറാന്‍റെ നടപടി വലിയ തെറ്റെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഹോർമുസ്  കടലിടുക്കിന് സമീപം അമേരിക്കൻ ഡ്രോൺ വ്യോമാതിർത്തി ലംഘിച്ചെന്ന ഇറാന്‍റെ ആരോപണം അമേരിക്ക നിഷേധിച്ചു. നിരീക്ഷക ഡ്രോൺ ഇറാൻ മിസൈലുപയോഗിച്ച് തകർത്തത് ആദ്യം അമേരിക്ക നിഷേധിച്ചിരുന്നു. പിന്നീട് സംഭവം സ്ഥിരീകരിച്ച അമേരിക്കൻ സൈന്യം പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണെന്ന് പ്രതികരിച്ചു. അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മേഖലയിലേക്ക് കൂടുതൽ സേനയെ അയക്കാൻ കഴിഞ്ഞ ദിവസം അമേരിക്ക തീരുമാനിച്ചിരുന്നു.