പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപക വിസ അനുവദിച്ചു.

10

പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപക വിസ അനുവദിച്ചു. നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദഗ്ദര്‍ക്കും അടുത്തിടെയാണ് യുഎഇ ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. മലയാളി വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം യുഎഇയുടെ ഗോള്‍ഡ് കാര്‍ഡ് വിസയും കൈപ്പറ്റിയിരുന്നു.

ഏറെ സന്തോഷമുള്ള നിമിഷമെന്നാണ് നിക്ഷേപക വിസ ലഭിച്ചതിന് ശേഷം ബി.ആര്‍ ഷെട്ടി പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തില്‍ നിന്നുള്ള ആദരവാണിത്. ഇമിഗ്രേഷന്‍ സെന്ററില്‍ വിഐപി പരിഗണനയാണ് ലഭിച്ചത്. എല്ലാ നടപടികള്‍ക്കുമായി ആകെ അഞ്ച് മിനിറ്റ് സമയം മാത്രമേ എടുത്തുള്ളൂ. ദീര്‍ഘകാല വിസ അനുവദിക്കുന്നതായി അറിയിച്ച് ബി.ആര്‍ ഷെട്ടിക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. യുഎഇയുടെ സാമ്പത്തിക രംഗത്ത് കാര്യമായ സംഭാവനകള്‍ നല്‍കുന്ന പ്രവാസികള്‍ക്ക് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം ഇത്തരം നടപടികളിലൂടെ ലഭിക്കുമെന്നും ബി.ആര്‍ ഷെട്ടി പറഞ്ഞു