ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ .

10

സോബിയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകം. വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ . ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് അപകടം നടന്നതിനു പിന്നാലെ അതു വഴി യാത്ര ചെയ്ത കലാഭവന്‍ സോബി വെളിപ്പെടുത്തിയിരിക്കുന്നത് .

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് പിടിയിലായതിനെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തല്‍ .

അപകടം നടന്നതിനു പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും ,മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു . ഇരുവരുടെയും പെരുമാറ്റങ്ങള്‍ സംശയമുളവാക്കുന്നതായിരുന്നു . പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ബാലഭാസ്‌ക്കര്‍ മരണപ്പെട്ട വിവരം അറിഞ്ഞത് . ഉടന്‍ തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരങ്ങള്‍ അറിയിച്ചു . അദേഹം കാര്യങ്ങള്‍ പ്രകാശ് തമ്പിയോട് പറയുകയും ,പ്രകാശ് തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തു .

ആറ്റിങ്ങല്‍ എസ് ഐ തന്നെ കാര്യങ്ങള്‍ അറിയാന്‍ വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും , പിന്നീട് ഒന്നുമുണ്ടായില്ല . ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് പിടികൂടിയിരുന്നു . ഇതിനു പുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി ആര്‍ ഐ തേടുകയാണ് . വിഷ്ണുവാണ് അര്‍ജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത് .അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും എടിഎമ്മില്‍ നിന്നും പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട് .

ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് . 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.