രാസവസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി

കായംകുളത്തു നിന്ന് രാസവസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി. മൊത്ത വ്യാപാരികൾക്കായി ആന്ധ്രപ്രദേശിൽ നിന്നും കൊണ്ടുവന്ന 1500 കിലോ ചൂരയാണ് പിടികൂടിയത്. കായംകുളം മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽനിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാരാണ് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയിൽ രാസവസ്തുകൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് സാംപിളുകൾ  ശേഖരിച്ചു. ബാക്കിയുള്ള മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് നശിപ്പിച്ചു.  മത്സ്യം കൊണ്ടുവന്ന ലോറി ഉടമയുടെ വിവരങ്ങൾ സഹിതം തുടർനടപടിക്കായി റീജിയണൽ ഫുഡ് സേഫ്റ്റി ഓഫീസർക്ക് റിപ്പോർട്ട് നൽകും.

മാവേലിക്കര കൊള്ളുകടവിൽ നിന്ന് 150 കിലോ പഴകിയ മത്തിയും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത മീനുകൾ പരിശോധനയ്ക്കായി സാംപിളുകൾ എടുത്ത ശേഷം നശിപ്പിക്കും. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന്  ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു