വെള്ളമില്ലാതെ ചെന്നൈ, ചെന്നെത്തിയ മലയാളികൾ നാട്ടിലേക്ക്

9

ചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണ് മലയാളികള്‍. നിര്‍മ്മാണ മേഖലയും  ചെറുകിട ഹോട്ടലുകളും അടച്ചതോടെ തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍. ജലക്ഷാമം നേരിടാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു.

ചെറുകിട ബിസിനസുകളുമായി ചെന്നൈയില്‍ വര്‍ഷങ്ങളായി തുടരുന്ന മലയാളികള്‍ തല്‍ക്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ശൗചാലയങ്ങളില്‍ വെളളമില്ല. കുളിക്കാനും തുണിയലക്കാനും പോലും വെള്ളമില്ലാത്തതിനേക്കാള്‍ ഭേദം നാട്ടിലേക്ക് മടങ്ങുന്നതാണെന്ന് ഇവര്‍ പറയുന്നു.

നിര്‍മ്മാണ മേഖലയും ചെറുകിട ഹോട്ടലുകളും സ്തംഭനത്തിലായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ചെന്നൈയില്‍ തുടരണമെങ്കില്‍ ജോലി പോലും ഉപേക്ഷിച്ച്  വെള്ളം ശേഖരിക്കണം. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ പരിമിതമായ അളവിലേ വെള്ളം നല്‍കുന്നൂള്ളൂ. നാല് സ്വകാര്യ സ്കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഭൂരിഭാഗം സ്കൂളുകളിലും പ്രവര്‍ത്തന സമയം ഉച്ച വരെയാക്കി ചുരുക്കി.