ആന്തൂർ നഗരസഭ ചെയർപേഴ്സൺ ശ്യാമളയെയും ബിനോയ്‌ കോടിയേരിയും സിപിഎം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു :ദമ്മാം ഒ.ഐ.സി.സി

10

ദമ്മാം: പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ആന്തൂർ നഗരസഭാ ചെയർപേഴ്‌സൻ  പി കെ ശ്യാമളയെയും, മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണം നടത്തുന്ന  ബിനോയ് കോടിയേരിയെയും സംരക്ഷിക്കാൻ സി പി എമ്മും സർക്കാരും  ശ്രമിക്കുകയാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി എക്സിക്യുട്ടീവ് യോഗം ആരോപിച്ചു. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയ സമ്പാദ്യം മുടക്കി നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്ന പ്രവാസികളുടെ ആത്മഹത്യകൾ പിണറായി ഭരണത്തിൽ തുടർക്കഥയാവുകയാണ്. പുനലൂരിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങാൻ ശ്രമിച്ച സുഗതനെന്ന പ്രവാസി, സാമ്പത്തിക നേട്ടത്തിനുവേണ്ടി സി പി ഐ ക്കാർ നടത്തിയ   കൊടികുത്തി സമരത്തിൽ മനം നൊന്ത് ആത്ഹത്യ ചെയ്ത സംഭവം ജനങ്ങൾ മറന്നിട്ടില്ല.  ഇപ്പോൾ  സാജനെന്ന പ്രവാസിയെ സി പി എമ്മിലെ ചേരി തിരിവും, പദ്ധതിയിൽ തൻറെ മകനും ഷെയർ നേടിയെടുക്കാൻ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ നടത്തിയ നീചമായ ശ്രമവുമാണ്  ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.  എന്നാൽ, കുറ്റം കേവലം ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കി കേസന്വേഷണം വഴിതിരിച്ച് വിടാനാണ് മുഖ്യമന്ത്രിയും സി പി എമ്മും ശ്രമിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത് പി കെ ശ്യാമളയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന  ആവശ്യമുന്നയിച്ച്  ഒ ഐ സി സി യുടെ നേതൃത്വത്തിൽ  ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുവാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പ്രമാദമായ കൊലക്കേസ് പ്രതികൾ കഴിയുന്ന ജയിലുകളിൽ സ്മാർട്ട് ഫോണുകളും മറ്റ് സൗകര്യങ്ങളും യഥേഷ്ടം ലഭ്യമാക്കുന്ന  പിണറായി സർക്കാർ, വനിതാ പ്രതികൾക്കുപോലും ജയിൽ ചാടാൻ അവസരമൊരുക്കി കേരളചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ചിരിക്കുകയാണ്. കൊലക്കേസ് പ്രതികൾക്ക് സർക്കാർ വക ആഡംബര ജീവിതമാണ് പിണറായി വിജയൻ ഒരുക്കിക്കൊടുക്കുന്നതെന്നും ദമ്മാം ഒ ഐ സി സി കുറ്റപ്പെടുത്തി. റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ്, മാത്യു ജോസഫ്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, സക്കീർ ഹുസൈൻ, ഡോ.സിന്ധു ബിനു, വിവിധ ജില്ലാ ഏരിയാ വനിതാ യൂത്ത് വിംഗ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും, സെക്രട്ടറി ഷംസു കൊല്ലം നന്ദിയും പറഞ്ഞു. കണ്ണൂരിലെ രക്ഷസ്സാക്ഷിയായ വിദ്യാർത്ഥി നേതാവ് കെ പി സജിത്ത് ലാലിൻറെ വാർഷിക ദിനത്തിൽ കൂടിയ എക്സിക്യുട്ടീവ് യോഗം അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. കൂടാതെ, കൊല്ലത്ത് നടന്ന  സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ 80 കിലോ വിഭാഗത്തിൽ  വെള്ളി മെഡൽ നേടിയ മട്ടന്നൂർ പെരുവയൽകരി സ്വദേശിയായ ഒ ഐ സി സി സൈഹാത്ത് ഏരിയാ കമ്മിറ്റി പ്രസിഡണ്ട് രമേശ് പാലക്കലിന്റെ മകൾ സൗപർണ്ണികയെ യോഗം അനുമോദിച്ചു