ന്യൂഡല്‍ഹി: യു.എസും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ, ഇറാന്റെ എയര്‍സ്പേസിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ പറക്കേണ്ടതില്ലെന്ന തീരുമാനവുമായി ഡി.ജി.സി.എ. ഇറാന് എയര്‍സ്പേസിലൂടെ പറക്കുന്ന വിമാനങ്ങള്‍ റൂട്ട് മാറ്റിപ്പോകുമെന്നും ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി.ഇറാന്റെ ജലോപരിതലത്തിലും എയര്സ്പേസിലും വിമാനം പറത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നേരത്തെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ വ്യോമയാന സര്‍വീസും ഇറാനു മേല്ക്കൂടി പറക്കുന്നത് നിര്‍ത്തിവയ്ക്കുന്നത്.വ്യാഴാഴ്ച യു.എസ് സൈന്യത്തിന്റെ ഡ്രോണ്‍ ഇറാന് വെടിവച്ചിട്ടതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ഇറാനിയന്‍ എയര്‍സ്പേസില്‍ യാത്രാ വിമാനങ്ങളും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നല്‍കുന്നത്.