അപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിനു ഒരു കോടി 30 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽക്കോടതി വിധിച്ചു

ദുബായിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിനു ഒരു കോടി 30 ലക്ഷം രൂപാ (7 ലക്ഷം ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽക്കോടതി വിധിച്ചു. തലശ്ശേരി സ്വദേശിയായ ഷമീർ ദുബായിൽ ഒരു കമ്പനിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 2016 ഒക്ടോബർ മാസം ട്രെയിലറിൽ നിന്ന് അതിൽ കൊണ്ടുവന്ന വാഹനങ്ങൾ ഇറക്കുന്നതിനായി ലോഡിങ് റാമ്പ് താഴ്ത്താൻ ശ്രമിക്കുന്നതിനിടയിൽ, ഹൈഡ്രോളിക്ക് സംവിധാനത്തിനുണ്ടായ തകരാർ കാരണം, സാവകാശത്തിൽ താഴേക്ക് വരേണ്ടിയിരുന്ന റാമ്പ് പെട്ടെന്ന് താഴേക്ക് വരികയും ഷമീറിന്റെ കഴുത്തിന് താഴെ ശരീരഭാഗം മുഴുവനും റാമ്പിനടിയിൽ പെടുകയുമായിരുന്നു. കൂടുതൽ ആളുകളെത്തി റാമ്പ് ഉയർത്തി മാറ്റിയതിനുശേഷമാണ് ഷമീറിനെ പുറത്തെടുക്കാൻ കഴിഞ്ഞത്.

ഈ അപകടത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങൾക്കും ഗുരുതരമായ പരിക്ക് പറ്റിയ ഷമീറിന്റെ ചികിത്സ റാഷിദ് ആശുപത്രിയിലായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം ഷമീർ വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് കോടതിയിൽ ഫയൽ ചെയ്ത സിവിൾ കേസിലാണ് ഏഴ്ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഷമീർ ജോലി ചെയ്തിരുന്ന കമ്പനിയോട് കോടതി വിധിച്ചത്