ഏർലി റിട്ടയർമെന്റ് : ബഹ്‌റൈനിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.

മനാമ: ബഹ്‌റൈനില്‍ നേരത്തെ വിരമിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള അപേക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു. 13 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന അര്‍ഹരായ അപേക്ഷകര്‍ക്കാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.

ജൂൺ ഒൻപതിനാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു മാസത്തേക്ക് നീണ്ടുനില്‍ക്കുമെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്(ഗോസി) അറിയിച്ചു. തുടക്കത്തില്‍ റിട്ടയര്‍മെന്റ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ 2019 ഓഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്നും ഗോസി പ്രസ്താവനയില്‍ പറഞ്ഞു.

സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, ജനറല്‍ സെക്രട്ടേറിയേറ്റ്, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍, ഇസ കള്‍ച്ചറല്‍ സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് തുടങ്ങി 13 സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. ഈ 13 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുറഞ്ഞത് 10 വർഷം സേവനമനുഷ്ഠിച്ച തൊഴിലാളികള്‍ക്കാണ് നേരത്തെയുള്ള വിരമിക്കലിന് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ളത്