ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലേക്ക് വന്നുപോയത് 13 ലക്ഷം പേർ

10

ദുബായ്: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലേക്ക് വന്നുപോയത് 13 ലക്ഷം പേർ. മുൻ വർഷത്തെക്കാൾ 38 ശതമാനം അധികമാണിത്.

മേയ് 30 മുതൽ ജൂൺ എട്ടുവരെയുള്ള ദിവസങ്ങളിലാണ് ഇത്രയധികം ജനങ്ങൾ യാത്രചെയ്തത്. ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഈദ് ആഘോഷിക്കാൻ എത്തിയവരെ മികച്ചരീതിയിലാണ് ദുബായ് എമിഗ്രേഷൻ അധികൃതർ രാജ്യത്തേക്ക് സ്വാഗതംചെയ്തത്. ഈ കാലയളവിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ് വഴി നടപടികൾ പൂർത്തികരിച്ചത് 3,52,306 യാത്രക്കാരാണ്. വിമാനത്താവളത്തിലെ 122 സ്മാർട്ട് ഗേറ്റിലൂടെയാണ് ഇവർ നടപടികൾ പൂർത്തികരിച്ചത്.

അവധി ദിനങ്ങളിലെ യാത്രക്കാർക്ക് മികവാർന്ന രീതിയിലും വേഗത്തിലുമാണ് സേവനങ്ങൾ നൽകിയതെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു.
ഈ കാലയളവിൽ സന്ദർശകരുടെ ഒഴുക്കു കണക്കിലെടുത്ത് ഇമിഗ്രേഷൻ വകുപ്പ് വിപുലമായ സേവന സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ഈദ് അവധി ദിനങ്ങളിൽ എയർപോർട്ട് മൂന്നാം ടെർമിനലിലെ ആഗമന ഭാഗത്തിലെ സേവന ഓഫീസ് എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിച്ചു.