റീസൈക്കിൾ ചെയ്യാനാകാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എമിറേറ്റ്സ് എയർലൈൻസ് ഒഴിവാക്കുന്നു

10

ദുബായ്: ഒറ്റത്തവണമാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്‌ എയർലൈൻ. ഘട്ടം ഘട്ടമായാണ് എമിറേറ്റ്‌സ്‌ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജൂൺ ഒന്നുമുതൽ വിമാനത്തിനകത്ത് പ്ലാസ്റ്റിക് സ്ട്രോയുടെ ഉപയോഗം പൂർണമായും നിരോധിച്ചുകൊണ്ടാണ് ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ പരിസ്ഥിതിസൗഹൃദ സ്ട്രോകളാണ്‌ യാത്രക്കാർക്ക് നൽകുന്നത്.

വിമാനത്തിനകത്തെ പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച് എമിറേറ്റ്‌സ് പഠനംനടത്തിവരികയാണ്. ഒറ്റത്തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ ദുബായ് വിമാനത്താവളം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് എമിറേറ്റ്‌സ് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിമാനത്തിൽനിന്ന് ഒഴിവാക്കിത്തുടങ്ങിയത്. രണ്ടാം ഘട്ടത്തിൽ പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനാണ് തീരുമാനം. ഓഗസ്റ്റ് മുതൽ വിമാനത്തിനകത്തുനിന്ന് യാത്രക്കാർ സാധനങ്ങൾ വാങ്ങുമ്പോൾ കടലാസുകൊണ്ടുള്ള സഞ്ചിയിലാണ് നൽകുക.

വിമാനത്തിനകത്ത് യാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ എമിറേറ്റ്‌സ് ജീവനക്കാർ പ്രത്യേകം ശേഖരിച്ച് പുനരുപയോഗത്തിന് പ്രാപ്തമാക്കുന്നുണ്ട്. 1,50,000 പ്ലാസ്റ്റിക് കുപ്പികളാണ് ഒരുമാസം ഇത്തരത്തിൽ ലാൻഡ്ഫില്ലിലേക്ക് പോകാതെ വീണ്ടും ഉപയോഗിക്കാൻ സജ്ജമാകുന്നത്. ഈ സംരംഭങ്ങൾ വഴിമാത്രം ഒരു വർഷം ലാൻഡ് ഫില്ലിൽനിന്ന് എട്ടുകോടി പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാൻ സാധിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.