ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം

5

സതാംപ്ടൺ: വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 പന്ത് ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറി തികച്ചു. റൂട്ട് 94 പന്തിൽ 100 റൺസ് നേടി പുറത്താകാതെ നിന്നു. ബെൻ സ്റ്റോക്ക് 10 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ 45 റൺസ് എടുത്ത ജോണി ബെയർസ്റ്റോ, 53 പന്തിൽ 40 റൺസ് എടുത്ത ക്രിസ് വോക്സ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷാനോൻ ഗബ്രില്ലിനാണ് രണ്ട് വിക്കറ്റും

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് കനത്ത പ്രഹരമാണ് ഇംഗ്ലണ്ട് ഏൽപ്പിച്ചത്. രണ്ട് റൺ എടുത്ത ഓപ്പണർ എവിൻ ലൂയിസിന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. ഗെയ്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാർക് വുഡ് കൈവിട്ടു. പിന്നാലെ 41 പന്തിൽ 36 റൺസ് എടുത്ത ഗെയ്ലിനെ പ്ലുംകെറ്റ് പുറത്താക്കി. 30 പന്തിൽ 11 റൺസ് എടുത്ത ഷായ് ഹോപ്പിനെ മാർക്ക് വുഡ് വിക്കറ്റിന് മുന്നിൽ കുടുക്കി.

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നാലാം വിക്കറ്റിൽ പൂരൻ – ഹെറ്റ്മെയർ സഖ്യം കരുതിക്കളിച്ചതോടെയാണ് വിൻഡീസ് സ്കോറിന് ചലനം വെച്ചത്. പിന്നാലെ 47 പന്തിൽ 39 റൺസ് എടുത്ത ഹെറ്റ്മെയറെയും ഒൻപത് റൺ എടുത്ത ജേസൺ ഹോൾഡറെയും ജോ റൂട്ട് വീഴ്ത്തി. അർധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരനെ ജോഫ്ര ആർച്ചർ ജോസ് ബട്ട്ലറുടെ കൈകളിലെത്തിച്ചു. പിന്നീട് വന്നവർക്കൊന്നും ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

ഇംഗ്ലണ്ടിനായി 6.4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മാർക്ക് വുഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 9 ഓവറിൽ 30 റൺസ് വഴങ്ങി ജോഫ്ര ആർച്ചർ 3 വിക്കറ്റ് എടുത്തു. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്സ്, പ്ലുംകെറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ രണ്ടാമത് എത്തി. ഏഴ് പോയിന്റുള്ള ന്യൂസീലാൻഡാണ് ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി വിൻഡീസ് ആറാമതാണ്