ഹിമാചൽ മുഖ്യമന്ത്രി നിക്ഷേപ സാധ്യതകൾ തേടി യുഎഇയിൽ

അബുദാബി: യു എ ഇ യിൽ നിന്നുള്ള വ്യവസായികളെ ഹിമാചൽ പ്രാദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ജയറാം താകൂർ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും ഉന്നത തല സംഘവും എത്തിയത്.

അബുദാബിയിലെ ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയേയും സംഘത്തെയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ നിക്ഷേപ സാധ്യതകളെപറ്റി മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒട്ടേറ സാധ്യകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന നിക്ഷേപകർക്ക് പൂർണ്ണമായ സഹകരണം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഒരു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കൂടിക്കാഴ്ചക്കിടെ ഹിമാചൽ മുഖ്യമന്ത്രി യൂസഫലിയെ അറിയിച്ചു.

ഹിമാചൽ പ്രദേശിലെ ഭക്ഷ്യ സംസ്കരണം, റീട്ടയിൽ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു. ഇതിന്റെ കൂടുതൽ ചർച്ചകൾക്കായി ലുലുവിന്റെ ഉന്നത തല സംഘം അടുത്ത് തന്നെ സംസ്ഥാനം സന്ദർശ്ശിക്കുമെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചു.

ഈ വർഷം നവംബറിൽ ഹിമാചൽ പ്രദേശ് സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ
എം എ യൂസഫലിയെ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്‌തു.

തുടർന്ന് അബുദാബി മുഷ്‌രിഫ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യ മന്ത്രിയും സംഘവും സന്ദർശിച്ച് പ്രവർത്തന രീതികൾ മനസ്സിലാക്കുകയും ചെയ്‌തു.

ഹിമാചൽ പ്രദേശ് വ്യവസായ മന്ത്രി ബിക്രം സിംഗ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ രാം സുബാഗ് സിംഗ്, മനോജ് കുമാർ, വ്യവസായ വകുപ് ഡയറക്ടർ ഹൻസ് രാജ് ശർമ്മ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

ഫോട്ടോ: ഹിമാചൽ പ്രദേശിലെ പരമ്പരാഗത തൊപ്പിയും ഹിമാചൽ ഷാളും മുഖ്യമന്ത്രി ജയറാം താകൂർ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് സമ്മാനിക്കുന്നു. വ്യവസായ മന്ത്രി ബിക്രം സിംഗ്, ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, എക്സിക്യു്ട്ടിവ് ഡയറക്ടർ അഷ്‌റഫ് അലി എം എ, സി ഒ ഒ സലിം വി ഐ, ഡയറക്ടർ എം എ സലിം, ലുലു ഇന്ത്യ ഡയറക്ടർ ആനന്ദ് എ വി എന്നിവർ സമീപം.