ജിദ്ദ: സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യക്കാരിയായ വനിതക്കാണ് പരിക്ക്. ബുധനാഴ്ച പുലർച്ചെയാണ് സംഭവമെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടും. യമൻ,സൗദി പൗരൻമാരാണ് പരിക്കേറ്റ മറ്റ് ദേശക്കാർ. വിമാനത്താവളം ലക്ഷ്യമാക്കി ക്രൂസ് മിസൈലാണ് അയച്ചതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ആദ്യമായാണ് അബ്ഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടക്കുന്നത്. നേരത്തെ, പല തവണ അബ്ഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു.തിങ്കളാഴ്ച രാത്രി അബ്ഹയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ സ്ഫോടക വസ്തു നിറച്ച ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൗദി വ്യോമപ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. ഒരു മാസത്തിനിടയിൽ തുടർച്ചയായ ആക്രമണങ്ങളാണ് സൗദിക്ക് നേരെ യമനിലെ ഹുതികൾ നടത്തിക്കൊണ്ടിരിക്കുന്നത്. നജ്റാൻ, ജീസാൻ വിമാനത്താവളങ്ങൾക്കു നേരെയും ആക്രമണം പതിവാണ്.