ചൂട് കൂടി : സൗദിയിൽ ഉച്ച വിശ്രമം പ്രാബല്യത്തിൽ

റിയാദ്: സൗദിയിൽ ചൂട് വർധിച്ച സാഹചര്യത്തിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ സൂര്യപ്രകാശം നേരിട്ടേൽക്കുന്ന പുറം ജോലികൾ ചെയ്യിക്കരുതെന്നതാണ് നിയമം. ഉച്ച വിശ്രമ നിയമം ലംഘനം കണ്ടെത്തിയാൽ അവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ചൂട് ആരംഭിച്ചത് വൈകിയാണെങ്കിലും തുടക്കം തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ 49 ഡിഗ്രി വരെ ചൂട് എത്തിയിട്ടുണ്ട്. സെപ്തംബർ 15 വരെയാണ് ഉച്ച വിശ്രമ നിയമം ബാധകമാകുക. എല്ലാ തരം സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.