ഇറാനെ തിരിച്ചടിക്കാൻ അമേരിക്ക ഒരുങ്ങുന്നോ?

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ സൈനിക നീക്കം ശക്തമാവുന്നു. മേഖലയില്‍ ആയിരം സൈനികരെക്കൂടി വിന്യസിക്കാന്‍ കഴിഞ്ഞ ദിവസം പെന്റഗണ്‍ അനുമതി നല്‍കിയിരുന്നു. എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നതിനിടയില്‍ തന്ത്രപ്രധാനമായ തിരിച്ചടിക്ക് അമേരിക്ക ഒരുങ്ങുന്നുവെന്നുള്ള അഭ്യൂഹങ്ങളും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിലവില്‍ 1500 അമേരിക്കന്‍ സൈനികരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. പാട്രിയറ്റ് മിസൈലുകളും ആണവ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളും വിമാനവാഹിനി കപ്പലുകളും അയച്ച് മദ്ധ്യപൂര്‍വദേശത്തെ സൈനിക സാന്നിദ്ധ്യം കഴിഞ്ഞ മാസം മുതല്‍ തന്നെ അമേരിക്ക വര്‍ദ്ധിപ്പിച്ചിരുന്നു. മേഖലയിലെ പുതിയ ഭീഷണികള്‍ കണക്കിലെടുത്ത് സൈനികശേഷി വര്‍ദ്ധിപ്പിക്കണമെന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആവശ്യം അംഗീകരിച്ചതായി പ്രതിരോധ സെക്രട്ടറി അറിയിച്ചിരുന്നു.

സമീപകാലത്ത് ഗള്‍ഫ് മേഖലയിലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം കപ്പലുകളില്‍ നിന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ സ്ഫോടക വസ്തുക്കള്‍ മാറ്റുന്നതെന്ന പേരില്‍ അമേരിക്ക വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഇറാന്‍, അമേരിക്ക മേഖലയില്‍ തങ്ങള്‍ക്കെതിരെ അനാവശ്യ ഭീതി പരത്തുകയാണെന്നാണ് ആരോപിക്കുന്നത്.