കല്ലട ബസ്സിൽ പീഡന ശ്രമം : ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനം

തിരുവനന്തപുരം:  കല്ലട ബസിലെ പീഡനശ്രമത്തില്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോണ്‍സന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗത്തിന്‍റെയും രജിസ്ട്രഷനും പെർമിറ്റും കേരളത്തിന് വെളിയിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് കല്ലട ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. മറ്റ് ചട്ടലംഘനങ്ങളിൽ കർശന നടപടി തുടരുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.

അതേസമയം, യാത്രയ്ക്കിടെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമമെന്ന യുവതിയുടെ പരാതിയില്‍ കല്ലട ബസിലെ രണ്ടാം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം പൊലീസാണ് ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്.

സംഭവസ്ഥലത്ത് വച്ച് യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത്. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിലാണ് നടപടി.  നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

അതേസമയം, യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കിയില്ല. അക്രമ സംഭവം പുറത്ത് വന്നതിന് പിന്നാലെ പെർമിറ്റ് റദ്ദാക്കാൻ ഇരിങ്ങാലക്കുട ആർ ടി ഒ ക്ക് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി ഇടപെട്ട കേസ് ആയതിനാൽ ആർ ടി ഒ ബോർഡ് ചേര്‍ന്ന് തീരുമാനം എടുക്കാനായിരുന്നു ധാരണ. എന്നാല്‍  ആർടിഒ ബോർഡ് യോഗം ചേരാൻ തീരുമാനിച്ചിട്ടും നടക്കാതെ വന്നതോടെ തീരുമാനം നീണ്ട് പോവുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ഹരിപ്പാട് വെച്ച് കേടായതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്.